സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ കടത്താൻ ശ്രമം: അനധികൃത ഗോഡൗൺ കണ്ടെത്തി, എം.ഒ.ഐ നടപടി
സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ കടത്താൻ ശ്രമം: അനധികൃത ഗോഡൗൺ കണ്ടെത്തി, എം.ഒ.ഐ നടപടി
കുവൈത്ത്: സബ്സിഡി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയം (MOI) തടഞ്ഞു. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന് കീഴിലുള്ള ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്സാണ് നടപടി കൈക്കൊണ്ടത്.
സാൽമി അതിർത്തി കസ്റ്റംസ് അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. രാജ്യത്തുനിന്ന് പുറത്തേക്ക് പോകാൻ ശ്രമിച്ച ഒരു വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടർന്ന് സുരക്ഷാ വിഭാഗം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.
തുടർ അന്വേഷണത്തിൽ, ഈജിപ്ഷ്യൻ പൗരന്മാർ പ്രവർത്തിപ്പിച്ചിരുന്ന ഒരു അനധികൃത ഗോഡൗൺ കണ്ടെത്തി. ഗോഡൗണിൽ വൻതോതിൽ സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ഇവ വിദേശത്തേക്ക് കടത്തുകയും അവിടെ അനധികൃതമായി വിൽപ്പന നടത്തുന്നതിനുമുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട പ്രതികളെയും ഗോഡൗണിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികളെയും നിയമപ്രകാരം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സർക്കാർ സബ്സിഡികൾ ദുരുപയോഗം ചെയ്യാനുള്ള യാതൊരു ശ്രമവും സഹിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ തടയുന്നതിനായി സുരക്ഷാ പരിശോധനകളും നിരീക്ഷണ ക്യാമ്പയിനുകളും ശക്തമായി തുടരുമെന്നും, സംശയകരമായ പ്രവർത്തനങ്ങൾ കണ്ടെത്തുന്നവർ ഉടൻ അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.