കുവൈത്തിൽൽ വൻ ഇറച്ചി വേട്ട

കുവൈത്തിൽൽ വൻ ഇറച്ചി വേട്ട: ചീഞ്ഞ ഇറച്ചി പുത്തനാക്കി വിൽക്കാൻ ശ്രമിച്ച സംഘം പിടിയിൽ

Jan 3, 2026 - 11:46
 2
കുവൈത്തിൽൽ വൻ ഇറച്ചി വേട്ട
കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് വ്യവസായ മേഖലയിൽ ജനങ്ങളുടെ ആരോഗ്യത്തിന് വൻ ഭീഷണിയായി പ്രവർത്തിച്ചിരുന്ന ഒരു അനധികൃത ഇറച്ചി സംഭരണശാല ആഭ്യന്തര മന്ത്രാലയവും ഭക്ഷ്യസുരക്ഷാ അതോറിറ്റിയും ചേർന്ന് പൂട്ടിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ ചീഞ്ഞ ഇറച്ചി ഫ്രഷ് ആണെന്ന് പരസ്യം നൽകി വിൽപ്പന നടത്തുന്നുവെന്ന ഒരു കുവൈത്തി പൗരന്റെ പരാതിയെത്തുടർന്നാണ് അധികൃതർ റെയ്ഡ് നടത്തിയത്. മുബാറക് അൽ-കബീർ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിൽ സിറിയൻ പൗരന്മാരായ ഒരു സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മനുഷ്യ ഉപഭോഗത്തിന് ഒട്ടും യോഗ്യമല്ലാത്തതും ദുർഗന്ധം വമിക്കുന്നതുമായ ടൺ കണക്കിന് ഇറച്ചിയാണ് ഈ വെയർഹൗസിൽ നിന്നും പിടിച്ചെടുത്തത്. ഫ്രീസറിൽ സൂക്ഷിച്ച ഇറച്ചി പുറത്തെടുത്ത് തണുപ്പ് മാറ്റി ഫ്രഷ് ആണെന്ന വ്യാജേനയാണ് ഇവർ വിൽക്കാൻ ശ്രമിച്ചിരുന്നത്. പിടിച്ചെടുത്ത ഇറച്ചിയുടെ നിറത്തിലും ഗന്ധത്തിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടായിരുന്നതായും ഇത് കഴിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിടിച്ചെടുത്ത ഇറച്ചിയുടെ ഉറവിടത്തെക്കുറിച്ച് യാതൊരു രേഖകളും ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ല.
അനധികൃതമായി പ്രവർത്തിച്ചിരുന്ന ഈ വെയർഹൗസ് ഉടൻ തന്നെ സീൽ ചെയ്യുകയും പിടിച്ചെടുത്ത ചീഞ്ഞ ഇറച്ചി നശിപ്പിക്കാൻ നടപടി തുടങ്ങുകയും ചെയ്തു. പിടിയിലായ പ്രതികളെ കൂടുതൽ അന്വേഷണങ്ങൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.