കേരളത്തിൽ ശ്രീകൃഷ്ണജയന്തി ദിനത്തിൽ നടത്താനിരുന്ന ബി.ജെ.പി.യുടെ 'ജെൻസി സംഗമം' പരിപാടി റദ്ദാക്കി. സംഘപരിവാർ സംഘടനകളുടെ ശക്തമായ അതൃപ്തിയെ തുടർന്നാണ് പരിപാടി ഉപേക്ഷിക്കാൻ ബി.ജെ.പി. നേതൃത്വം തീരുമാനിച്ചത്. പുതുതലമുറ വോട്ടർമാരെയും വിദ്യാർഥികളെയും പാർട്ടിയോട് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി. ഈ പ്രത്യേക ഔട്ട്റീച്ച് പരിപാടി ആസൂത്രണം ചെയ്തിരുന്നത്.
ശ്രീകൃഷ്ണജയന്തി ദിനത്തിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ശോഭായാത്രയടക്കമുള്ള പരിപാടികൾ നടക്കുന്ന അതേ സമയത്ത് ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ പങ്കെടുക്കുന്ന 'ജെൻസി സംഗമം' നിശ്ചയിച്ചതിലാണ് ആർ.എസ്.എസ്. നേതൃത്വം അമർഷം രേഖപ്പെടുത്തിയത്. ആദ്യം ഓഗസ്റ്റ് 28, 29 തീയതികളിൽ നിശ്ചയിച്ചിരുന്ന പരിപാടി പിന്നീട് സെപ്റ്റംബർ നാല്, അഞ്ച് തീയതികളിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബർ നാലിന് കണ്ണൂരിലായിരുന്നു പ്രധാന പരിപാടി നിശ്ചയിച്ചിരുന്നത്.
യുവജനക്കൂട്ടായ്മയിലും ബലിദാനികളുടെ കുടുംബസംഗമത്തിലും ദേശീയ അധ്യക്ഷൻ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. യുവാക്കളുടെ പ്രതീക്ഷകളും ആശങ്കകളും നേരിട്ട് മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ ചർച്ചചെയ്യാനായി ബി.ജെ.പി. ദേശീയനേതൃത്വം രാജ്യവ്യാപകമായി ആസൂത്രണംചെയ്ത പരിപാടിയുടെ ഭാഗമായിരുന്നു ഇത്. സെപ്റ്റംബർ നാലിന് രാവിലെ 'ജെൻസി' പരിപാടി നടത്തിയശേഷം ഉച്ചയ്ക്കുശേഷം നിതിൻ നബീനെ ശ്രീകൃഷ്ണജയന്തി ശോഭായാത്രയിൽ പങ്കെടുപ്പിച്ച് പ്രതിഷേധം തണുപ്പിക്കാനും നീക്കം നടന്നിരുന്നു. എന്നാൽ, ഒടുവിൽ ദേശീയ അധ്യക്ഷന്റെ കേരളസന്ദർശന പരിപാടിതന്നെ റദ്ദാക്കാൻ ബി.ജെ.പി. നേതൃത്വം തീരുമാനിക്കുകയായിരുന്നു.