കേരള ലോട്ടറി വകുപ്പിന്റെ ഓണം ബംപർ നറുക്കെടുപ്പിൽ 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ഭാഗ്യം തേടിയെത്തിയവരെല്ലാം തളിപ്പറമ്പിൽ നിന്നുള്ളവരായിരുന്നു. എന്നാൽ, ഒന്നാം സമ്മാനത്തിന് തൊട്ടടുത്തെത്തി, ഒറ്റ നമ്പറിന് ഭാഗ്യം നഷ്ടപ്പെട്ടതിന്റെ കഥയാണ് തളിപ്പറമ്പിലെ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായ കൃഷ്ണൻ എന്ന കൃഷ്ണേട്ടന് പറയാനുള്ളത്. സുജിത്തിന്റെ ലോട്ടറി ഏജൻസിയിൽ നിന്നാണ് കൃഷ്ണൻ ടിക്കറ്റെടുത്തത്.
TL 360617 എന്ന ടിക്കറ്റാണ് കൃഷ്ണന്റെ കയ്യിലുണ്ടായിരുന്നത്. ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ തൊട്ടടുത്തുള്ള നമ്പറായിരുന്നു ഇത്. നേരിട്ട് തളിപ്പറമ്പിലെത്തി ലോട്ടറിയെടുക്കാതെ, സുജിത്തിന്റെ ഭാര്യയുടെ കയ്യിൽ പണം കൊടുത്താണ് കൃഷ്ണൻ ടിക്കറ്റ് സ്വന്തമാക്കിയത്. സമ്മാനത്തിന് വക്കിലെത്തിയിട്ടും തനിക്ക് നിരാശയില്ലെന്നും, ഇങ്ങനെയൊരു ഭാഗ്യം ആദ്യമായാണെന്നും കൃഷ്ണൻ പ്രതികരിച്ചു.
ഒരു വർഷമായി ലോട്ടറി വിൽപന നടത്തുന്ന സുജിത്തിന് തളിപ്പറമ്പിൽ രണ്ട് സ്റ്റോറുകളുണ്ട്. പോസ്റ്റാഫീസിന് മുന്നിലെ മുത്തപ്പൻ സ്റ്റോറും തളിപ്പറമ്പ് രജിസ്ട്രാഫീസിന് മുന്നിലുള്ള സമൃദ്ധി ഏജൻസിയും. ഇതിൽ രജിസ്ട്രാർ ഓഫീസിന് മുന്നിലെ സ്റ്റാളിൽ നിന്നാണ് ഭാഗ്യം തൊട്ടടുത്തെത്തിയ ടിക്കറ്റുകൾ വിറ്റുപോയത്. 10-25 ദിവസം മുൻപ് 30 ടിക്കറ്റുകളാണ് സുജിത്ത് വാങ്ങിയത്. ചക്കരക്കലിലുള്ള മുത്തു ഏജൻസിയിൽ നിന്നാണ് സമ്മാനമടിച്ച ലോട്ടറി പുറത്തേക്ക് പോകുന്നത്. തളിപ്പറമ്പിലെ പി.വി. വത്സരാജന്റെ തമ്പുരാൻ ലോട്ടറി ഏജൻസി വഴി ചില്ലറ വിൽപ്പനക്കാരനായ സുജിത്തിലേക്കും, അവിടെ നിന്ന് ഭാഗ്യശാലികളിലേക്കും ടിക്കറ്റുകൾ എത്തുകയായിരുന്നു.